തൃശൂർ: പുലിക്കളിക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഒരു വർഷമായിട്ടും ലഭിച്ചില്ലെന്ന പരാതിയെത്തുടർന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി പുലിക്കളി സംഘം കൂട്ടായ്മ ഭാരവാഹികളുമായി രാമനിലയത്തിൽ ചർച്ച നടത്തി.
തുക ലഭിക്കാത്തതിലെ സാങ്കേതിക തടസങ്ങൾ ചർച്ചയ്ക്കിടെ കേന്ദ്ര ടൂറിസം വകുപ്പ് അധികൃതരെ ഫോ ണിൽ വിളിച്ച് ചോദിച്ചറിഞ്ഞ മന്ത്രി, തുക ലഭ്യമാക്കുന്ന കാര്യത്തിൽ രണ്ടു ദിവസത്തിനകം കൃത്യമായ മറുപടി നൽകാമെന്ന് സംഘങ്ങൾക്ക് ഉറപ്പുനൽകി. നിലവിലെ ഫണ്ട് നൽകാൻ തടസമുണ്ടായാൽ അടുത്ത പുലിക്കളിക്കുള്ള തുക വർധിപ്പിച്ചു നൽകാമെന്നും അദ്ദേഹം അറിയിച്ചു. ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നു ഭാരവാഹികൾ വ്യക്തമാക്കി.
സീതാറാം മിൽ ദേശം, അയ്യന്തോൾ, ശങ്കരംകുളങ്ങര, ചക്കാമുക്ക്, കുട്ടൻകുളങ്ങര, പാട്ടുരായ്ക്കൽ, കലാ കായിക സാംസ്കാരിക സമിതി, യുവജന സംഘം വിയ്യൂർ, കാനാട്ടുകര, ഒളരിക്കര, വെളിയന്നൂർ എന്നിവയുടെ ഭാരവാഹികളും കൗണ്‍സിലർമാരായ പൂർണിമ സുരേഷ്, എ.വി. കൃഷ് ണമോഹൻ, മുംതാസ്, അഡ്വ. രേഷ്മ മേനോൻ, വിൻഷി അരുണ്‍കുമാർ തുടങ്ങിയവരും പങ്കെടുത്തു.